Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മുളകിന്‍തൈ മുതല്‍ മാവിന്‍തൈ വരെ; കര്‍ഷകരെ കാത്തിരിക്കുന്ന നടീല്‍ വസ്തുകള്‍മുളകിന്‍തൈ മുതല്‍ മാവിന്‍തൈ വരെ; കര്‍ഷകരെ കാത്തിരിക്കുന്ന നടീല്‍ വസ്തുകള്‍

$
0
0
പടന്നക്കാട് കാർഷിക സർവകലാശാല ഫാമിൽ നടീൽവസ്തുക്കൾ വിൽപ്പനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. മുളകിൻതൈ മുതൽ മാവിൻതൈകളുടെ വലിയ ശേഖരംതന്നെ ഇവിടുണ്ട്. 1916-ൽ നിലവിൽവന്ന പടന്നക്കാട് തോട്ടം 1994-ൽ കാർഷിക സർവകലാശാലയുടെ കീഴിലായി. പിന്നീട് പടന്നക്കാട് കാർഷിക കോളേജിനും ഇൻസ്ട്രക്ഷണൽ ഫാമിനും വലിയ വളർച്ചയാണുണ്ടായത്. കർഷകർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിത്ത് ഉത്പാദനം, പരിശീലനം തുടങ്ങിയവ അവിടെ നിന്ന് നൽകുന്നു.

തൈകൾ പലതരം

പടന്നക്കാട് കാർഷിക കോളേജിൽ എല്ലാതരം നടീൽവസ്തുക്കളും വിളയിക്കുന്നുണ്ടെങ്കിലും മാവിൻ തൈകളും മാമ്പഴങ്ങളുമാണ് മാസ്റ്റർ പീസ്. പടന്നക്കാടിന്റെ അഭിമാനമായ ഫിറങ്കിലടുവ മുതൽ അങ്ങോട്ട് ഒട്ടേറെ ഇനങ്ങളുണ്ട്. ബ്രിട്ടീഷ് സർക്കാരിന് കീഴിലെ ദക്ഷിണ കാനറ ജില്ലയിൽ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആർ.എം.സാവൂർ സാഹിബാണ് ഈ ഇനം മാവിൻതൈ ഇവിടെ എത്തിച്ച് നട്ടുവളർത്തിയത്.

രണ്ടുതരം മാമ്പഴങ്ങളാണ് ഇന്ത്യയിലുള്ളത്. മുത്തിക്കുടിക്കാൻ പറ്റുന്നവയും മുറിച്ചുകഴിക്കുന്നവയും. അതിൽ മുറിച്ചുകഴിക്കാൻ പറ്റുന്ന ഇനത്തിൽ പെട്ടതാണ് ഫിറങ്കിലടുവ. ഇളം വെള്ളയും പച്ചയും കലർന്ന നിറമാണ് ഇതിന്. പാകമായ ഒരു മാങ്ങയ്ക്ക് 350 ഗ്രാമോളം തൂക്കം വരും. ഉള്ളിൽ നാരില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. 75 രൂപയാണ് വില. പുതിയ തൈകൾ തയ്യാറാവുകയാണെന്ന് അധികൃതർ പറഞ്ഞു.



പടന്നക്കാട് കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ വിൽപ്പനയ്ക്കൊരുങ്ങിയ തൈകൾ




ബങ്കനപ്പള്ളി, അൽഫോൺസ, നീലം എന്നീ മാവിൻതൈകളാണ് ഇപ്പോൾ ലഭ്യമായവ. 60 രൂപയാണ് ഇതിന്റെ വില. ഇത്തരത്തിൽ ഏകദേശം 50,000 തൈകളെങ്കിലും ഫാമിൽ വർഷത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. രുചിയും വിളവും ഗുണനിലവാരവും കൂടുതൽ എന്നതാണ് പ്രത്യേകത. മാമ്പഴങ്ങളുടെ സവിശേഷത പരിചയപ്പെടുത്താൻ 15 വർഷമായി കാർഷിക കോളേജിൽ മാംഗോ ഫെസ്റ്റും നടത്തുന്നുണ്ട്.

മാവിൻതൈ നടുമ്പോൾ

മാവിൻതൈകൾ നടുമ്പോൾ രണ്ടടിവീതം നീളത്തിലും വീതിയിലും കുഴിയെടുക്കണം. മേൽമണ്ണ് ഒരു ഭാഗത്തും അടിമണ്ണ് മറ്റൊരു ഭാഗത്തേക്കുമാക്കണം. തുടർന്ന് മേൽമണ്ണ് കുഴിയിലേക്ക് ഇടുക. കാരണം മേൽമണ്ണിനാണ് കൂടുതൽ വളക്കൂറുള്ളത്. ഡോളോമൈറ്റോ കുമ്മായമോ ചേർത്ത് പുളിരസം കുറയ്ക്കാം. ചാണകപ്പൊടി ചേർത്ത് 10 ദിവസം കഴിഞ്ഞ് നടാം. നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിൽ മുട്ടാതിരിക്കാൻ ശ്രദ്ധിക്കണം.

പച്ചക്കറിയും തയ്യാർ

പച്ചമുളക് മുതൽ പച്ചക്കറി തൈകൾ വരെ ഫാമിൽ വിൽപ്പനയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. പടരുന്ന ഇനങ്ങൾ ഫാമിൽ തൈകളാക്കാറില്ല. പകരം വിത്താണ് നൽകാറ്. പച്ചമുളകിൽ ഉജ്ജ്വല, അതുല്യ, നാടൻ ഇങ്ങനെ മൂന്ന് തരമുണ്ട്. തക്കാളി ചെറുത്, വലുത് എന്നിങ്ങനെ രണ്ട് ഇനങ്ങളാണ്. ഇവയ്ക്ക് ട്രേ തൈകൾക്ക് രണ്ടുരൂപയും ബാഗ് തൈകൾക്ക് 10 രൂപയുമാണ് വില.

വഴുതിന ഉണ്ട, വയലറ്റ്, പർപ്പിൾ എന്നിങ്ങനെ മൂന്നിനമുണ്ട്. പയർ, വെള്ളരി, കക്കിരി, പടവലം തുടങ്ങിയ പച്ചക്കറിവിത്തും ലഭ്യമാണ്. മഴക്കാലത്ത് പച്ചക്കറി നടുന്നത് വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് വേണം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ കുറച്ച് ഉയരത്തിൽ മണ്ണൊരുക്കി വേണം നടാൻ.

മണ്ണിലെ പുളിരസം കുറയ്ക്കാൻ ഡോളോമൈറ്റോ, കുമ്മായമോ ചേർന്ന് ഒരാഴ്ച കഴിഞ്ഞ ശേഷം നടുന്നതാണ് ഉത്തമം. മഴക്കാലത്ത് മണ്ണിൽനിന്ന് നൈട്രജൻ നഷ്ടപ്പെടുന്നതിനാൽ ഇടയ്ക്ക് പച്ചച്ചാണകം ചേർത്താൽ തൈകൾക്ക് നല്ല വളർച്ചയുണ്ടാകും. ആദ്യം ഫാക്ടംഫോസും പൊട്ടാഷ്യവും നൽകണം. ഇടവിട്ട് യൂറിയയും പൊട്ടാസ്യവും ചേർക്കുന്നതും നല്ലതാണ്.

ഇനിയുമുണ്ടേറെ

സപ്പോട്ട, നെല്ലി, പേര, കശുമാവ്, വാഴ, വേപ്പ്, സീതാപഴം, കറിവേപ്പ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ തൈകളും ഫാമിൽ ലഭ്യമാണ്. സപ്പോട്ട ക്രിക്കറ്റ് ബോൾ, ഓവൽ എന്നീ ഇനങ്ങളിലാണ് അറിയപ്പെടുന്നത്. തൈക്ക് 50 രൂപയാണ് വില. നെല്ലി വലുതും ചെറുതുമുണ്ട്. വില 50 തന്നെ. പേര ഒരുവർഷത്തിനുള്ളിൽ കായ്ക്കുന്നതിന് 40 രൂപയാണ് വില. കശുമാവ് ഒന്നിന് 50 രൂപയാണ്. ജ്യോതിക, ഭാസ്കര, രാഘവ എന്നീ ഇനങ്ങൾ ഇവിടുണ്ട്.

കശുമാവ് വയ്ക്കുമ്പോൾ വലിപ്പമുള്ള കുഴിയെടുത്തതിനുശേഷം അതിനകത്ത് തൈവെക്കാൻ പാകത്തിന് ചെറിയ ഒരു കുഴിയെടക്കണം. അതിൽ വളമിട്ട് തൈവെക്കണം. വലിയ കുഴി മൂടരുത്. കവുങ്ങ് മോഹിത്നഗർ (35 രൂപ), മംഗള (25 രൂപ) എന്നിങ്ങനെ രണ്ടിനങ്ങളാണ്. മോഹിത്നഗർ കരക്കവുങ്ങാണ്. വളം വേണ്ട. നാലുവർഷംകൊണ്ട് കായ്ക്കും. മംഗളയ്ക്ക് നനയ്ക്കണം. വലിയ അടയ്ക്കയുണ്ടാകും. ഉയരം കുറവാണ് തൈക്ക്.



പടന്നക്കാട് ഫാമിൽ വിൽപ്പനയ്ക്കൊരുങ്ങിയ തൈകൾ




ഫാൻസി കവുങ്ങിന് 15 രൂപയാണ് വില. കുരുമുളകിൻ തൈകളിൽ പന്നിയൂർ ഒന്നുമുതൽ എട്ടുവരെയുള്ളവയും ടിഷ്യൂകൾച്ചർ വാഴത്തൈകളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുരുമുളക് താങ്ങുകാലിൽനിന്ന് ഒരടി വിട്ടുവേണം നടാൻ. നടുന്നതിനുമുമ്പ് മണ്ണിൽ കുമ്മായമിട്ട് പുളിരസം കളയുന്നത് നല്ലതാണ്. തൈനട്ട് കൂന പോലെയാക്കണം. വെള്ളം കെട്ടിനിന്ന് ചീഞ്ഞ് പോകാതിരിക്കാനാണിത്.

കൂടുതൽ അറിയാൻ വിളിക്കാം.. വിത്തിനെക്കുറിച്ചും തൈകളെക്കുറിച്ചും കൂടുതൽ അറിയാൻ പടന്നക്കാട് കാർഷിക കോളേജ് ഫാമിലേക്ക് വിളിക്കാം. ഫോൺ: 04672 281966.

കശുമാവിൻ തൈകൾ ഇതാ കാസർകോട് ജില്ലയിലെ കുണ്ടാറിൽ പ്രവർത്തിക്കുന്ന കശുമാവ് വികസന ഓഫീസിന്റെ കീഴിലുള്ള കശുമാവ് സന്തതി തോട്ടം ആദൂർ, കശുമാവ് സന്തതി തോട്ടം ഗാളിമുഖ എന്നീ ഫാമുകളിൽ അത്യുത്പാദന ശേഷിയുള്ള ധരശ്രീ, പ്രിയങ്ക ഇനത്തിൽപ്പെട്ട കശുമാവ് ഗ്രാഫ്റ്റുകൾ വിൽപ്പനയ്ക്കൊരുങ്ങി. അൽഫോൺസ, മുണ്ടപ്പ്, കർപ്പൂരം, ഫിറങ്കിലഡുവ, ബങ്കനപ്പള്ളി തുടങ്ങിയ ഇനത്തിലുള്ള മാവ് ഗ്രാഫ്റ്റ് തൈകളും ജാതിത്തൈയും ഇവിടെ ലഭിക്കും.

കശുമാവ് ഗ്രാഫ്റ്റ് ഒന്നിന് 40 രൂപ, മാവിന് 75 രൂപ, ജാതിക്ക് 75 രൂപ എന്നിങ്ങനെയാണ് വില. ഫോൺ: 04994 262272.

Content Highlights:Agricultural University

Viewing all articles
Browse latest Browse all 2897

Trending Articles