Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മുരിങ്ങയിലും പ്രാണിയോ? മുരിങ്ങയിലും പ്രാണിയോ?

$
0
0
ആയുർവേദത്തിൽ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുത ചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ ധാരാളമായിക്കണ്ടു വരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത്. മൊരിങ്ങേസി കുടുംബത്തിൽപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാൽ മുരിങ്ങയാണ് അത്. എന്നാൽ, പറമ്പുകൾ കുറഞ്ഞതും ജീവിതം ഫ്ളാറ്റുകളിലേക്ക് പറിച്ചു നടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് മാറ്റി നിർത്തി. എന്നാൽ, അതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മൾ അത് നട്ടുവളർത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച് വളർത്തി വലുതാക്കി ഇലപറിക്കൽ വലിയൊരു പ്രയത്നമായി മാറിയിട്ടുണ്ട്. എന്നാൽ, കറിവെക്കാനും തോരനും ഇലപറിക്കാനായി ചാക്കുകളിലും ചട്ടികളിലും നട്ടുവളർത്തുന്ന മുരിങ്ങയില ഒരു സുപ്രഭാതത്തിൽ മൊത്തം ചെറിയ പ്രാണി തിന്നുകളഞ്ഞാലോ? അതിൽപ്പരം ദേഷ്യം വേറെയുണ്ടാകില്ല. അതിനെ പ്രതിരോധിക്കാൻ രാസകീടനാശിനി ഒരിക്കലും ഉപയോഗിക്കരുത്. കാരണം അത് തളിരിലകളിൽ പറ്റിപ്പിടിച്ച് ആഹാരത്തിലൂടെ വയറ്റിലെത്തി ആരോഗ്യത്തിന് ദോഷം ചെയ്യും.

ലക്ഷണങ്ങൾ

മുരിങ്ങയുടെ തളിരിലകളെയാണ് പെട്ടെന്നു തന്നെ കീടം ബാധിക്കുന്നത്. തളിരിലകൾ നിറയെ വെളുത്ത നിറത്തിലുള്ള പ്രാണി തമ്പടിക്കുകയും അത് പച്ചിലകളിൽ നിന്നും നീര് ഊറ്റിക്കുടിക്കുകയും ക്രമേണ ആ ഭാഗം തന്നെ ഉണങ്ങിക്കരിഞ്ഞുപോകുന്നതും പൂക്കൾ നന്നായി ഉണ്ടാകുന്നെങ്കിലും ഇവയൊന്നും കായ്കളാകാത്തതും ആണ് സാധാരണയായി കാണപ്പെടുന്ന പ്രശ്നങ്ങൾ.

പരിഹാരം

മുരിങ്ങയിൽ കാണപ്പെട്ടു വരുന്നപ്രധാന കീടബാധയാണിത് . നീരൂറ്റിക്കുടിക്കുന്ന ചെറിയ വെളുത്തപ്രാണികളാണ് പ്രശ്നക്കാർ. മുരിങ്ങയില നേരിട്ടുപയോഗിക്കുന്നതിനാൽ രാസകീടനാശിനികൾ തളിക്കരുത്. പകരം വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം.

തയ്യാറാക്കുന്ന വിധം

50 ഗ്രാം വെളുത്തുള്ളി, 50 മില്ലിഗ്രാം വേപ്പെണ്ണ, 10 ഗ്രാം ബാർ സോപ്പ്, രണ്ടു ലിറ്റർ വെള്ളം എന്നിവയാണ് ആവശ്യമായി വരുന്നത്. വെളുത്തുള്ളി പുറം തൊലി നീക്കി പൾപ്പാക്കി അരച്ചെടുക്കണം. ഇത് നേരത്തെ എടുത്തുവെച്ച രണ്ടു ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി കലക്കി യോജിപ്പിച്ചെടുക്കുക. അതിലേക്ക് വേപ്പെണ്ണ ചേർത്ത് കലക്കി ചെറിയ കഷണങ്ങളാക്കിയെടുത്ത ബാർസോപ്പ് ഇട്ട് അലിയിച്ചതിന് ശേഷം അരിച്ചെടുത്ത് ഇലകളുടെ മുകളിലും താഴെയും വരുന്ന രീതിയിൽ നന്നായി തളിക്കുക. ഒന്നരാടൻ ദിവസങ്ങളിലായി അഞ്ചുതവണ തളിച്ചാൽത്തന്നെ പ്രാണികളുടെ ശല്യം ഒഴിയും.

മുറിച്ചെടുക്കാം

നന്നായി കീടം ബാധിച്ച മുരിങ്ങച്ചെടിയുടെ ഭാഗങ്ങൾ മുറിച്ചെടുത്ത് നശിപ്പിക്കാം. അല്ലെങ്കിൽ മറ്റ് ഇലകളിലേക്ക് കീടം പടരുകയും മൊത്തം ചെടി നശിച്ചു പോവുകയും ചെയ്യും. വളരെ പെട്ടെന്ന് ബാധിക്കുന്ന മുഞ്ഞപോലുള്ള ഒരു കീടമാണ് ഇത്. അതിനാൽ കൃത്യമായി പരിചരിച്ചില്ലെങ്കിൽ ചെടി വാടി നശിച്ചുപോകും.

വെള്ളം ചീറ്റിക്കാം

അധികം ശക്തിയിലല്ലാതെ ഹോസുകൊണ്ട് വെള്ളം ചീറ്റിച്ചാൽ കീടങ്ങളുടെ ബാധ തുടക്കത്തിൽ തടയാം. ചെറിയ ചെടികളാണെങ്കിൽ പഴയ ടൂത്ത് ബ്രഷുകൊണ്ട് ഇളക്കിമാറ്റിയും കീടത്തെ തുരത്താം. നീറു(മിശിറുകൾ)ളുടെ കൂട് കിട്ടുകയാണെങ്കിൽ അത് മുരിങ്ങമരത്തിൽ കെട്ടിവെച്ചാൽ അവ പടർന്നുകയറി പ്രാണികളെ ഓടിക്കും.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ

മുരിങ്ങച്ചെടി നന്നായി വളരാനും കായ്ക്കാനും നല്ല ശ്രദ്ധ ആവശ്യമാണ്. അധികം ആളുകളും മുരിങ്ങയുടെ കൂമ്പ് മാത്രം നിർത്തി ചുറ്റുമുള്ള ഇലകൾ മൊത്തമായി പറിച്ചെടുക്കുകയാണ്ചെയ്യുന്നത്. അങ്ങനെ ചെയ്യരുത്. കൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിർന്ന ഇലയെങ്കിലും നിർത്തിയിരിക്കണം. മഴ പെയ്യുമ്പോൾ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിൻ തുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും. വേനൽക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ നന നൽകാം.

കടലപ്പിണ്ണാക്ക് കുതിർത്ത് ചാണകവെള്ളം കൂട്ടി നേർപ്പിച്ചത് ഇല ഇടതൂർന്ന് വളരാൻ നല്ലതാണ്. വേനൽക്കാലത്ത് കൊമ്പുകൾ ഉയരത്തിലേക്ക് പോകുന്നത് തടയാൻ കൊമ്പുകോതാം. കൊമ്പുവെട്ടിക്കഴിഞ്ഞാൽ നനയും വളവും നൽകാൻ മറക്കരുത്. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആർത്തവപ്രശ്നങ്ങൾ, ശരീരവേദന, ഹെർണിയ, രക്താദിമർദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു.

Content highlights: Agriculture, Organic farming, Ayurveda

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>