നാല് മാസം കൊണ്ട് പെയ്ത് തീരേണ്ട മഴയെ രണ്ട് മാസം കൊണ്ട് പെയ്ത് തീർത്താണ് ഇടവപ്പാതി വിടവാങ്ങിയത്. പ്രളയമടക്കം നാട് നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങൾ സംഭവിച്ച ഇടവപ്പാതിക്ക് ശേഷം രണ്ട് മൂന്നാഴ്ച കൊടും വേനലായിരുന്നു. ഇപ്പോഴിതാ ഇടിയും മിന്നലുമൊക്കെയായി മറ്റൊരു തുലാവർഷക്കാലം വന്നെത്തിയിരിക്കുന്നു. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളും സമ്മർദ്ദങ്ങളും പശുവടക്കമുള്ള വളർത്തുമൃഗങ്ങളുടെ ഉത്പാദനത്തെയും ആരോഗ്യത്തെയുമെല്ലാം ബാധിക്കും. തുലാവർഷകാലത്ത് പശുപരിപാലനത്തിൽ ശ്രദ്ധിക്കാൻ ഏറെയുണ്ട്.
കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ശരീരസമ്മർദ്ദത്തിനും, സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനും കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാർന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികൾക്ക് പെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. കുരലടപ്പൻ, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയൽ, വൈറൽ രോഗങ്ങൾ, ബബീസിയോസിസ്, തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ പ്രോട്ടോസോവൽ, റിക്കറ്റ്സിയൽ രോഗങ്ങൾ പിടിപെടാൻ ഈയവസരത്തിൽ സാധ്യതയേറെയാണ്.
പണ്ടപ്പുഴു, കരൾ കൃമികൾ (Fasciola) തുടങ്ങിയ ആന്തരിക വിരകൾ മൂലമുണ്ടാവുന്ന വയറിളക്കവും ഉത്പാദന നഷ്ടവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. തീറ്റമടുപ്പ്, പനി, വയറിളക്കം, പാൽ ഉൽപ്പാദനക്കുറവ്, വിളർച്ച, ശ്വാസതടസ്സവും മൂക്കൊലിപ്പും തുടങ്ങിയ പൊതുവായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ദ ചികിത്സ പശുക്കൾക്ക് ലഭ്യമാക്കണം.
ഉയർന്ന ഈർപ്പമുള്ള സാഹചര്യത്തിൽ തീറ്റസാധനങ്ങളിൽ കുമിൾ ബാധയേൽക്കാൻ സാധ്യതയേറെയാണ്. കുമിളുകൾ പുറന്തള്ളുന്ന വിഷവസ്തുക്കൾ അഫ്ളാടോക്സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. ക്രമേണയുള്ള തീറ്റമടുപ്പ്, വയറിളക്കം, ശരീരക്ഷീണം, ഉൽപ്പാദനക്കുറവ്, വാലിന്റെയും ചെവികളുടെയും അറ്റം അഴുകി ദ്രവിക്കൽ, രോമക്കൊഴിച്ചിൽ എന്നിവ അഫ്ളാടോക്സിൻ വിഷബാധയുടെ ലക്ഷണങ്ങളാണ്. ഗർഭിണി പശുക്കളിൽ ഗർഭമലസാൻ സാധ്യതയുണ്ട്.
തീറ്റവസ്തുക്കൾ മുൻകൂട്ടി വാങ്ങി ഒരാഴ്ചയിലധികം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. നിലക്കടലപിണ്ണാക്ക്, പരുത്തിക്കുരുപിണ്ണാക്ക് തുടങ്ങിയവയിൽ കുമിൾ ബാധക്ക് സാധ്യത ഉയർന്നതായതിനാൽ പ്രത്യേക ശ്രദ്ധവേണം. തീറ്റസാധനങ്ങൾ തറയിൽ നിന്ന് ഒരടി ഉയരത്തിലും, ചുമരിൽ നിന്ന് ഒന്നരയടി അകലത്തിലും മാറി പലകയുടെ മുകളിൽ സൂക്ഷിക്കണം. തണുത്ത കാറ്റോ ഈർപ്പമോ മഴചാറ്റലോ ഏൽക്കാതെ നോക്കണം . സൂക്ഷിച്ച് വെച്ച തീറ്റകൾ ചുരുങ്ങിയത്4 മുതൽ 6 മണിക്കൂർ വരെ നല്ല വെയിലിൽ ഉണക്കി നൽകുന്നതാണ് ഉത്തമം. രോഗബാധ തടയുന്നതിനായി ധാതുലവണങ്ങളും, ജീവകം എ, ഡി, ഇ, മെതിയോണിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ മിശ്രിതങ്ങളും, യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകളും തീറ്റയിൽ ഉൾപ്പെടുത്തണം. ഒപ്പം കരൾ ഉത്തേജന സംരക്ഷണ മരുന്നുകളും നൽകാം.
തൊഴുത്തിലെ തറ പരുപരുത്തതും സദാ നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ അവസ്ഥയിൽ കുളമ്പിന് ക്ഷതമേൽക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. കുളമ്പുവേദനമൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുർഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്.
കഴിയുമെങ്കിൽ കോൺക്രീറ്റ് തറയിൽ റബർമാറ്റ് വാങ്ങി വിരിക്കണം. കുളമ്പിലെ മുറിവുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി പൊവിഡോൺ അയഡിൻ അടങ്ങിയ ആന്റിബയോട്ടിക് ഓയിൻമെന്റുകൾ പുരട്ടണം. 5% തുരിശ് ലായനിയിലോ (കോപ്പർ സൾഫേറ്റ്), 10% സിങ്ക് സൾഫേറ്റ് ലായനിയിലോ അല്ലെങ്കിൽ 2% ഫോർമലിൻ ലായനിയിലോ ദിവസവും കുറച്ച് സമയം കുളമ്പുകൾ മുക്കുന്നതും (ഫൂട്ട് ബാത്ത്) , കഴുകുന്നതും കുളമ്പു ചീയൽ തടയാൻ ഫലപ്രദമാണ്.
ഒരു പശുവിന് കടന്നുപോവാൻ വീതിയിലും ചുരുങ്ങിയത് 6-8 ഇഞ്ച് ആഴത്തിലും 2.4 മീറ്റർ നീളത്തിലും തൊഴുത്തിൽ കോൺക്രീറ്റ് ഫൂട്ട് ബാത്ത് ടാങ്കുകൾ പണികഴിപ്പിക്കാം. ഫൂട്ട് ബാത്ത് ടാങ്കുകളിൽ കൃത്യമായ അനുപാതത്തിൽ രാസഘടകങ്ങൾ ചേർത്ത ലായനി നിറയ്ക്കാനും, ഉപയോഗശേഷം പഴയ ലായനി മാറ്റി പുതിയ ലായനി ചേർക്കാനും ജൈവമാലിന്യങ്ങൾ നീക്കി ശുചിയായി സൂക്ഷിക്കാനും ശ്രദ്ധവേണം.
മഴ ശക്തമാവുന്നതിന് മുൻപായി വിവിധ ആന്തരപരാദങ്ങൾക്കെതിരായ മരുന്നുകൾ നൽകണം. മുൻപ് എടുത്തിട്ടില്ലെങ്കിൽ കുരലടപ്പനെതിരായും കുളമ്പ് രോഗത്തിനെതിരായുമുള്ള കുത്തിവെപ്പുകൾ നൽകണം. ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാൻ ലേപനങ്ങൾ പ്രയോഗിക്കാം. ആഴ്ചയിൽ രണ്ട് തവണ ചാണകക്കുഴിയിൽ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേർത്ത മിശ്രിതമോ ഗാമാക്സിൻ പൗഡറോ വിതറണം. ഒരു കിലോ കുമ്മായത്തിൽ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് പ്രയോഗിക്കാം.
മഴക്കാലം രോഗാണുക്കൾക്ക് ഏറ്റവും അനുകൂലമായ സാഹചര്യമായതിനാൽ തുലാവർഷകാലത്ത് അകിട് വീക്കത്തിനുള്ള സാധ്യതയും ഉയർന്നതാണ്. തൊഴുത്തിലെ തറ മാലിന്യങ്ങൾ നീക്കിയ ശേഷം അണുനാശിനികൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂൺ അലക്ക്കാരവും/ഡിറ്റർജന്റ് പൗഡർകുഴമ്പു രൂപത്തിലാക്കി പത്ത് ലിറ്റർ വെള്ളത്തിൽ വീതം ചേർത്ത് തറ വൃത്തിയാക്കാം. പൊട്ടാസ്യം പെർമാൻഗനേറ്റും (1 : 10000) തറ വൃത്തിയാക്കാൻ ഉപയോഗിക്കാം. അരകിലോ ഗ്രാം വീതം കുമ്മായം നാല് ലിറ്റർ വെള്ളത്തിൽ വീതം ചേർത്തും തൊഴുത്ത് കഴുകി വൃത്തിയാക്കാം.
കറവയ്ക്ക് മുൻപായി അകിടുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകാനും, ടിഷ്യൂപേപ്പർ ഉപയോഗിച്ച് വൃത്തിയായി തുടയ്ക്കാനും മറക്കരുത്. കറവക്കാരന്റെയും, കറവ യന്ത്രങ്ങളുടെയുമെല്ലാം ശുചിത്വം പ്രധാനമാണ്. കറവ ശേഷം അകിടുകൾ നേർപ്പിച്ച പൊവിഡോൺ അയഡിൻ ലായനിയിൽ അൽപസമയം മുക്കണം (ടീറ്റ് ഡിപ്പിംങ്). കറവ കഴിഞ്ഞ് പശു ഉടനെ തറയിൽ കിടക്കുന്നതൊഴിവാക്കാൻ പുല്ലോ വൈക്കോലോ കറവ ശേഷം തീറ്റയായി നൽകണം.
മാംഗനീസ്, കോപ്പർ, സെലീനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും, വിറ്റാമിൻ എ, ഡി, ഇ, ബയോട്ടിൻ തുടങ്ങിയ ജീവകങ്ങളും അടങ്ങിയ ധാതുലവണജീവകമിശ്രിതങ്ങൾ പ്രസവത്തോടനുബന്ധിച്ചും കറവക്കാലത്തും പശുക്കൾക്ക് നൽകണം. അകിടിനുള്ളിലേയും, പുറത്തെ ചർമ്മകോശങ്ങളെയും സിങ്ക് ശക്തിപ്പെടുത്തുകയും, വിറ്റാമിനുകൾ രോഗാണു പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ജീവകം ഇ, സെലീനിയം, മാംഗനീസ് എന്നിവയുടെ നിരോക്സീകരണ ശേഷി അകിടിലെ ചർമ്മ കോശങ്ങളെ നാശത്തിൽ നിന്ന് സംരക്ഷിക്കും.
അകിടിലെ മുറിവുകളിൽ ആന്റിസെപ്റ്റിക് / അയഡിൻ ലേപനങ്ങൾ പ്രയോഗിക്കാൻ മറക്കരുത്. അകിടിലെ പോറലുകളിലും വിണ്ടുകീറലുകളിലും ബോറിക് ആസിഡ് പൗഡർ ഗ്ലിസറിനിൽ ചാലിച്ച് പുരട്ടണം. പരുപരുത്ത കോൺക്രീറ്റ് തറയിൽ അകിട് വീക്കത്തിന് സാധ്യത ഉയർന്നതായതിനാൽ തറയിൽ റബർമാറ്റ് വിരിക്കുകയോ വൈക്കോൽ വിരിപ്പ് നൽകുകയോ വേണം. പാൽ തറയിൽ വീഴാതെ ശ്രദ്ധിക്കണം.
മൃഗാശുപത്രികളിൽ നിന്നും ലഭ്യമായ അകിട് വീക്ക നിർണയ കിറ്റ് വാങ്ങി ഇടക്കിടക്ക് അകിട് വീക്ക നിർണയ പരിശോധന നടത്താൻ ശ്രദ്ധിക്കണം. പാലിൽ തുല്യ അളവിൽ പരിശോധനാ ലായനി ചേർത്തിളക്കുമ്പോൾ പാൽ കുഴമ്പു രൂപത്തിൽ വ്യത്യാസപ്പെടുകയാണെങ്കിൽ അത് നിശബ്ദ അകിടുവീക്കത്തെസൂചിപ്പിക്കുന്നു .രോഗം ശ്രദ്ധയിൽപെട്ടാൽ ഉടനെ ചികിത്സ തേടണം. ബാക്ടീരിയയുടെ വളർച്ച തടയാനും, പാലിന്റെ അമ്ലക്ഷാര കൃത്യമായി നിലനിർത്താനും ട്രൈസോഡിയം സിട്രേറ്റ് അടങ്ങിയ മിശ്രിതങ്ങളോ, ഗുളികകളോ നൽകാൻ ശ്രദ്ധവേണം.
തൊഴുത്തിലും, തീറ്റകൾ സംഭരിച്ച മുറികളിലും, പരിസരത്തും എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. തീറ്റകൾ സുരക്ഷിതമായി അടച്ച് സൂക്ഷിക്കുന്നതിനൊപ്പം തീറ്റയവശിഷ്ടങ്ങൾ സുരക്ഷിതമായി സംസ്കരിക്കുകയും വേണം.
Content highlights: Agriculture, Animal husbandry, Rainy season