Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ജൈവകൃഷിയുടെ പ്രസക്തിജൈവകൃഷിയുടെ പ്രസക്തി

$
0
0
മണ്ണ് ജീവന്റെ ഗർഭപാത്രമാണ്. എക്കൽ നിറഞ്ഞ മണ്ണ് ജീവന്റെ സഞ്ചാരവേഗം കൂട്ടുന്നു. ഊർജിത കൃഷിയും അശാസ്ത്രീയമായ രാസവള-രാസകീടനാശിനി പ്രയോഗവും മണ്ണിന്റെ ജീവൻ ഇല്ലാതാക്കുകയാണ്. സസ്യജന്തുക്കളുടെ അവശിഷ്ടങ്ങൾ ചീഞ്ഞാണ് മേൽമണ്ണ് ഫലഭൂയിഷ്ഠമാകുന്നത്. ജൈവാംശമുള്ള മണ്ണിൽ കോടാനുകോടി സൂക്ഷ്മജീവികൾ നിരന്തരമായി പ്രവർത്തിച്ചാണ് എക്കൽ ഉണ്ടാകുക. സമസ്ത ഊർജ്ജങ്ങളുടേയും ഉറവിടമായ സൗരോർജം മണ്ണിലെത്തിക്കുവാൻ പച്ചിലകൾക്ക് മാത്രമേ കഴിയൂ. അതുതന്നെയാണ് മണ്ണിൽ ലയിച്ചു ചേർന്നിരിക്കുന്ന സൗരോർജം കൃഷിയിലെ വിജയമാകുന്നത്.

വിളകളുടെ ശരിയായ വേരോട്ടത്തിന് ഇളകിയ മണ്ണ് അത്യാവശ്യം. മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രധാന ധർമ്മമാണത്. സൂക്ഷ്മജീവികൾ ഇല്ലാത്ത മണ്ണ് ഉറച്ച് വായുസഞ്ചാരമില്ലാത്ത വിധം കട്ടപിടിക്കും. മണ്ണിൽ തന്നെയാണ് വെള്ളം സംഭരിച്ചുവെയ്ക്കേണ്ടത്. വെള്ളം ആഗിരണം ചെയ്യുന്ന സ്പോഞ്ചിന്റെ സ്വഭാവമുണ്ടാകണമെങ്കിൽ മണ്ണിൽ ജൈവാംശമുണ്ടാകണം. ബാഷ്പീകരണം നഷ്ടം കുറച്ച് ഒരുമഴക്കാലം മുതൽ അടുത്ത മഴക്കാലം വരെ മണ്ണിൽ ഈർപ്പം നിലനിർത്താൻ മണ്ണിന് ജൈവാവശിഷ്ടങ്ങൾ കൊണ്ട് പുതയിടാം. പയറുവർഗ്ഗത്തിൽപ്പെട്ട വിളകൾ തടത്തിൽ വളർത്തുന്നത് പുതയായി വർത്തിക്കും. തുലാവർഷത്തിൽ കൃഷി സ്ഥലത്തുണ്ടാകുന്ന പച്ചപ്പ് നശിപ്പിക്കാതിരിക്കുക. ഇത് വേനലിൽ കൃഷിസ്ഥലത്തിന് കുളിർമ്മ നൽകും.

പുതയും മറ്റ് ജൈവാവശിഷ്ടങ്ങളും സൂക്ഷ്മ ജീവികളുടെ പ്രവർത്തനംമൂലം മണ്ണിന്റെ ഭാഗമായി തീരുമ്പോൾ മണ്ണ് ഫലഭൂയിഷ്ഠമാകുന്നു. എന്നാൽ ജൈവാവശിഷ്ടം കത്തിക്കുമ്പോൾ മണ്ണിൽ സംഭരിച്ച സൗരോർജം ചൂടും വെളിച്ചവുമായി നഷ്ടപ്പെടുന്നു. ഒപ്പം നമ്മുടെ സമ്പത്തായ സൂക്ഷ്മജീവികൾ അപ്പാടെ നശിക്കുന്നു. ജൈവാവശിഷ്ടങ്ങൾ തീയിടുന്നത് ഒഴിവാക്കുന്നത് തന്നെ അഭികാമ്യം.

ഒരേ തരം സസ്യങ്ങൾ മണ്ണിൽ നിന്നും വലിച്ചെടുക്കുന്ന മൂലകങ്ങളും ഒരേ തരത്തിലുള്ളവയാണ്, അതും ഒരേ ആഴത്തിൽ. പ്രകൃതിയിൽ ജീവന്റെ നിലനിൽപ് പരസ്പരാശ്രയത്തിൽ അധിഷ്ഠിതമാണ്. കൃഷിയിടത്തിൽ പലതരത്തിലുള്ള വിളകൾ ഇടകലർത്തി കൃഷി ചെയ്യുന്നത് വഴി ഒരു വിള മണ്ണിലുണ്ടാക്കുന്ന കുറവ് നികത്താൻ മറ്റൊരു വിളക്ക് സാധിക്കും. ഓരോ വിളയുടേയും ജൈവാവശിഷ്ടങ്ങൾ മണ്ണിന് തിരിച്ച് നൽകുക എന്നതായിരിക്കണം മണ്ണമ്മയുടെ ആരോഗ്യ പരിപാലന മന്ത്രം.

കീടങ്ങളെ നശിപ്പിക്കാൻ രാസകീടനാശിനി ഉപയോഗിക്കുമ്പോൾ ഓർക്കേണ്ട പ്രധാന കാര്യം കൃഷിയുടെ ശത്രുക്കളായ കീടങ്ങൾക്കൊപ്പം നശിക്കുന്നത് കർഷകന്റെ മിത്രങ്ങളായ കീടങ്ങളും കൂടിയാണ്. ഏതൊരു ജീവിക്കും ജീവശൃംഖലയിൽ അതിന്റേതായ സ്ഥാനമുണ്ട്. പുനരുൽപാദന പ്രക്രിയയിൽ ഓരോ കീടത്തിനും അതിന്റേതായ ധർമ്മവും കർമ്മവുമുണ്ട്. ആഹാരനിയമങ്ങളിലൂടെ പ്രകൃതി, ജീവികളുടെ പെരുപ്പത്തെ നിയന്ത്രിക്കും. ഈ നിയന്ത്രണം മറികടക്കുമ്പോൾ ജീവി പെറ്റുപെരുകുന്നു, ഒപ്പം ജീവിയെ നാം കീടത്തിന്റെ ഗണത്തിൽപ്പെടുത്തേണ്ട അവസ്ഥയും.

രാസവസ്തു തീരെ അടങ്ങിയിട്ടില്ലാത്ത, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വളങ്ങളാണ് ജൈവവളം. മണ്ണിന്റെ രാസ-ഭൗതിക-ജൈവിക സ്വഭാവങ്ങളെ ഗുണകരമായി സ്വാധീനിക്കുകയും മണ്ണിന്റെ ഫലപുഷ്ഠി നിലനിർത്തുകയും ചെയ്യാൻ ജൈവ വളങ്ങൾക്ക് കഴിയും. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ജലസംഭരണശേഷി കൂട്ടാനും വായു സഞ്ചാരം വർധിപ്പിക്കാനും ജൈവവളത്തിന് പ്രത്യേക കഴിവുണ്ട്. സൂക്ഷ്മജീവികളുടെ പ്രവർത്തനം കൂട്ടാനും അതുവഴി മണ്ണിന്റെ ഉൽപ്പാദനക്ഷമത കൂട്ടാനും ജൈവവളം കൂടിയേ തീരൂ.

വരൾച്ചയുടെ രൂക്ഷത കുറയ്ക്കാനും ജലസംഭരണശേഷി കൂട്ടാനും ജലച്ചോർച്ച കുറയ്ക്കാനും ജൈവവളത്തിന് കഴിയും. മണ്ണിന്റെ അമ്ല-ക്ഷാര നില തുലനപ്പെടുത്തുവാൻ ജൈവ വളം വേണം. സസ്യങ്ങളിലെ ഹരിതക നിർമ്മാണം കൂട്ടാനും എൻസൈമുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനും ശ്വസനപ്രക്രിയയിൽ രാസത്വരകമായി പ്രവർത്തിക്കുവാനും ജൈവവളങ്ങൾ മണ്ണിൽ ചേർത്തു കൊടുത്തേ മതിയാകൂ. പോഷകങ്ങളുടെ ആഗിരണത്തോത് കൂട്ടുന്നതും മനുഷ്യന്റെ രോഗപ്രതിരോധശക്തി കൂട്ടുന്നതും ജൈവകൃഷിയുടെ നേട്ടങ്ങൾ.

കരിങ്കല്ലാണ് മണ്ണിന്റെ അമ്മ. കരിങ്കല്ലിൽ നിന്ന് മണ്ണിലേക്കുള്ളല യാത്ര ആയിരക്കണക്കിന് വർഷങ്ങളുടേതാണ്. ഒരു ഏക്കർ മണ്ണ് സൃഷ്ടിക്കുന്നതിനായി കോടാനുകോടി സൂക്ഷ്മാണുക്ക ളുടെ പ്രവർത്തനമുണ്ട്. കരിങ്കല്ല് അമിതഖനനം മൂലം അപ്രത്യക്ഷമാകുന്നു. അങ്ങിനെ മണ്ണ് ജനിക്കാനുള്ള അവസരം നാം നിഷേധിക്കുന്നു. അതേ സമയം സസ്യാവരണമില്ലാതാകുമ്പോൾ, മണ്ണിന്റെ മൃതശരീരമായ വെട്ടുകല്ലിലേക്കുള്ള യാത്ര അതിവേഗത്തിലാകുന്നു, ഒപ്പം മണ്ണിന് അതിന്റെ ചരമഗീതവും.

മണ്ണിന്റെ ഘടനയും ജൈവാംശവും അനുയോജ്യമായവണ്ണം നിലനിർത്തേണ്ടത് കൃഷിയുടെ വിജയത്തിന് അത്യാവശ്യം. തുടർച്ചയായുള്ള വിളവെടുപ്പ് ഉണ്ടാക്കുന്ന പ്രത്യാഘാതം എളുപ്പത്തിൽ ദൃശ്യമാകുന്നത് മണ്ണിലെ ജൈവാംശ ഘടകത്തിലാണ്. ഉയർന്ന താപനില മണ്ണിലെ ജൈവാംശങ്ങളുടെ നശീകരണത്തെ ത്വരിതപ്പെടുത്തുന്നു. മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പിലൂടെ മേൽമണ്ണിൽ നിന്ന് ജൈവാംശം ഏറെ നഷ്ടപ്പെടുന്നു. മണ്ണിന്റെ ഘടന തന്നെ നഷ്ടപ്പെടുന്നതിനും വിളകളുടെ വളർച്ച മുരടിക്കുന്നതിനും ഇത് കാരണമാകും.

ജൈവാംശക്കുറവ് മണ്ണിന്റെ ഘടനയിലും ജലസംഭരണ നിർഗമന ശേഷിയിലും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും കാര്യമായ വ്യത്യാസമുണ്ടാക്കുന്നു. മണൽമണ്ണിൽ ക്ലേഭത്തിന്റെ അളവ് ഏറ്റവും കുറഞ്ഞും പശിമരാശി മണ്ണിൽ ഏറ്റവും കൂടിയും കാണുന്നു. ധാരാളം ജൈവവളങ്ങൾ ചേർക്കുകയാണെങ്കിൽ മണൽ മണ്ണിന്റെ ഭൗതിക ഘടന മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജലസംഭരണശേഷിയും കൂടും. കട്ടികൂടിയ കളിമണ്ണിലെ ജലനിർഗമന ശേഷി കൂട്ടാനും ജൈവവളങ്ങൾ സഹായിക്കും.

രാസകീടനാശിനികൾ ഒഴിവാക്കിയുള്ള കൃഷിയാണ് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യം. മനുഷ്യനും പ്രകൃതിയുമായുള്ള അടുപ്പത്തിന്റെ അഥവാ സ്നേഹപൂർണ്ണമായ കൊടുക്കൽ വാങ്ങലാണ് കൃഷി. സൂര്യന്റേയും മണ്ണിന്റേയും ജലത്തിന്റേയും സസ്യത്തിന്റേയും ധർമ്മമെന്തെന്ന് കർഷകൻ തിരിച്ചറിയുന്നിടത്ത് കൃഷി എളുപ്പമാകുന്നു. വളരെ ലളിതവും അതേസമയം ജീവത്തുമായ ചില അറിവുകളാണ് വിഷരഹിത കൃഷിയിൽ ആവശ്യമായത്. പരമ്പരാഗതമായി ആർജിച്ചെടുത്ത അറിവുകളും ശാസ്ത്രീയമായ കൃഷിരീതികളും സമഞ്ജസമായി ചേർക്കുന്നിടത്ത് മണ്ണിന്റേയും വിളയുടേയും സുസ്ഥിര അഭിവൃദ്ധി.

Content highlights: Organicfarming, Agriculture, Soil,



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>