ചീര നന്നായി വളരാനും പുഴുശല്യം വരാതിരിക്കാനും പാവലും കോവലും നന്നായി കായ്ക്കാനും എന്തെല്ലാം ചെയ്യണം?
നന്നായി വളംചേർക്കൽ ഇഷ്ടപ്പെടുന്ന ഇലക്കറിയാണ് ചീര. അതുകൊണ്ടുതന്നെ ചീര നന്നായിവളരാൻ വളപ്രയോഗം നിർബന്ധം. ചീര നടുമ്പോൾത്തന്നെ ശ്രദ്ധിക്കാനായാൽ ഏറെ നന്ന്. ഗ്രോബാഗിലെ മിശ്രിതം ഒരുക്കുമ്പോൾത്തന്നെ 100 ഗ്രാം വേപ്പിൻ പിണ്ണാക്കും 100 ഗ്രാം എല്ലുപൊടിയും ചേർക്കണം. ഒരു ഗ്രോബാഗിൽ നിറയ്ക്കാനുള്ള മാധ്യമത്തിലേക്ക് ഒരു ടേബിൾസ്പൂൺ കുമ്മായം നേരത്തേ ചേർക്കുന്നത് നല്ലതാണ്.
മണ്ണിര കമ്പോസ്റ്റ്, അഴുകിപ്പൊടിഞ്ഞ കോഴിവളം, മീൻവളം തുടങ്ങിയവയും നല്ലതാണ്. ഒരു ഗ്രോബാഗിന് 20 ഗ്രാം ട്രൈക്കോഡെർമ നേർപ്പിച്ച കഞ്ഞിവെള്ളത്തിൽ കലക്കി കുറച്ചുനേരം വെച്ചിട്ട് തടത്തിൽ ഒഴിച്ചുകൊടുത്താൽ ഇലപ്പുള്ളി രോഗം തടയാം. രാവിലെയോ വൈകുന്നേരമോ വേപ്പിൻപിണ്ണാക്ക് തെളിയൂറ്റി തടത്തിൽ ഒഴിച്ചാൽ വളർച്ച വേഗത്തിലാകും. നട്ട് രണ്ടാഴ്ച കഴിഞ്ഞ് ബയോഗ്യാസ് സ്ലറി, ജീവാമൃതം, ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്തതിന്റെ തെളിയെടുത്തതോ ഒക്കെ ചേർക്കുന്നത് ചീരയെ നന്നായിവളരാൻ സഹായിക്കുന്ന ഘടകങ്ങൾതന്നെ.
നന ആവശ്യത്തിനു മാത്രമാകാൻ ശ്രദ്ധിക്കണം. ചീരയില തിന്നുന്ന പുഴുക്കളെ ഒഴിവാക്കാൻ അത്തരം ഇലകൾ നീക്കുക. ചീരകൾക്കിടയിൽ വെളിച്ചക്കെണി വെക്കുക. വേപ്പുകലർന്ന കീടനാശിനികൾ തളിക്കുക. പെരുവല സത്ത് സോപ്പുലായനിയുമായി കലർത്തി തളിക്കുക. തീരെ നിവൃത്തിയില്ലെങ്കിൽമാത്രം മാലത്തയോൺ 50 ഇ.സി. ഒരുമില്ലി ഒരുലിറ്റർ വെള്ളത്തിൽ നേർപ്പിച്ചുതളിക്കുക.
പാവൽ നന്നായി കായ്ക്കാൻ, പുളിപ്പിച്ച കടലപ്പിണ്ണാക്ക് ചാണക സ്ലറിയോ ഗോമൂത്രവുമായോ നേർപ്പിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് രണ്ടുമില്ലി ഒരുലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയിലും തടത്തിലും ഇടയ്ക്കൊഴിക്കുന്നത് നിറയെ പൂക്കാനും കായ്ക്കാനും സഹായിക്കും. ഒരു ചെറിയ കഷണം പാൽക്കായം കുറച്ച് തൈരും ചേർത്ത് അലിയിച്ച് ചെടിയിലും ഇലകളിലും തളിച്ചാൽ വിളവുവർധിക്കും. കോവിലിന്റെ വിളവർധനയ്ക്ക് വള്ളികളുടെ പ്രൂണിങ് പ്രധാനമാണ് എന്നോർക്കുക.
അധികമുള്ള വള്ളികളും നേരിട്ട് വെയിലടിക്കാതെ ഇലകൾ മുരടിച്ച തണ്ടുകളും മുറിച്ചുനീക്കണം. കൂടാതെ, വള്ളി പടരാൻ തുടങ്ങുമ്പോൾ കടലപ്പിണ്ണാക്ക് ഒരുകിലോ പത്തു ലിറ്റർ ചാണകത്തെളിയിൽ തടത്തിലൊഴിക്കാം. ഗോമൂത്രം ഒരു ലിറ്റർ പത്തു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചത് രണ്ടാഴ്ചകൂടുമ്പോൾ തടത്തിലൊഴിക്കാം. അരക്കിലോ വീതം ചാണകപ്പൊടി, എല്ലുപൊടി എന്നിവയും ഒരു തടത്തിന് എന്നതോതിൽ ഒന്നോ രണ്ടോ തവണയായി ചേർക്കുന്നതും വിളവർധനയ്ക്ക് ഉപകരിക്കും.
തയ്യാറാക്കിയത് : സുരേഷ് മുതുകുളം
Content Highlights: How to grow Spinach at home