ഉടമയുമായി വീടും പരിസരവും ഭക്ഷണവും ജീവിതശൈലിയും പങ്കിടുന്ന അരുമകൾ അശ്രദ്ധയാലോ അറിവില്ലായ്മയാലോ, വികൃതിയാലോ നിരവധി അപകടങ്ങളിൽ ചെന്ന് ചാടാൻ സാധ്യതയുണ്ട്. കൺചിമ്മാതെ കൺമണിയെ കാക്കുകയാണ് ഉടമയുടെ മുന്നിലുള്ള വഴി. നായ്ക്കൾക്കും, പൂച്ചകൾക്കും, അരുമപക്ഷികൾക്കും വിഷബാധയേൽക്കാൻ സാധ്യതയുള്ള ഭക്ഷണം, മരുന്നുകൾ എന്നിവയെക്കുറിച്ച് അറിവും മുൻകരുതലുമുണ്ടാകണം. നായ്ക്കുട്ടി മുതൽ മുതിർന്ന ഓമനമൃഗങ്ങൾ വരെ അപകടങ്ങൾക്ക് വഴിപ്പെടാറുണ്ട്.
നമ്മുടെ കുട്ടികൾ വികൃതി കാണിക്കുന്നതുപോലെ, ചെറുപ്രായത്തിൽ അരുമ മൃഗങ്ങൾ, പ്രത്യേകിച്ച് നായ്ക്കുട്ടികൾ കുറുമ്പു കൂടിയവരായിരിക്കും. എല്ലായിടത്തും പോകാനും, എല്ലാം കാണാനും, തൊട്ടു രസിക്കാനും ആകാംക്ഷയുള്ളവർ. കരുതൽ കുറഞ്ഞാൽ, കണ്ണുതെറ്റിയാൽ വൈദ്യുതിയും, തീയും, വെള്ളവും, വിഷവും തിരിച്ചറിയാതെ ഇവർ എത്തിപ്പെടുക അപകടങ്ങളിലേക്കും മരണത്തിലേക്കുമായിരിക്കും. അപകട സാധ്യത മുൻകൂട്ടിക്കണ്ട് എടുക്കുന്ന കരുതലുകളാണ് ഏറെ പ്രധാനം.
വൈദ്യുതി വയറുകളും, ഉപകരണങ്ങളും കയ്യിൽ കിട്ടിയാൽ കടിച്ചുപൊട്ടിച്ച് ചവച്ചരയ്ക്കാൻ തീർച്ചയായും നായ്ക്കുഞ്ഞുങ്ങൾ ശ്രമിക്കും. തൽക്ഷണ മരണമായിരിക്കും ഫലം. അതിനാൽ ഇലക്ട്രിക് ഉപകരണങ്ങളും, വയറുകളും അരുമക്കുഞ്ഞുങ്ങളുടെ കൈയെത്തുന്ന ദൂരത്തില്ലെന്ന് ഉറപ്പാക്കണം. നിലത്തുനിന്നോ ആഷ്ട്രേയിൽ നിന്നോ കിട്ടുന്ന സിഗരറ്റിന്റേയും, ബീഡിയുടേയും അവശിഷ്ടങ്ങൾ ഉള്ളിലാക്കിയാൽ നിക്കോട്ടിൻ വിഷബാധയുണ്ടാകും. മരുന്നുകൾ, രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയും അരുമകളുടെ കൈപ്പിടിയിലാകാതെ നോക്കണം.
കത്തിച്ച മെഴുകുതിരികൾ, പൊട്ടിയതോ അല്ലാത്തതുമായ ഗ്ലാസ് കഷ്ണങ്ങൾ, സേഫ്റ്റിപിന്നുകൾ, സൂചി എന്നിവയും അപകടകരമാകും.ടോയ്ലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന ക്ഷാരരസമുള്ള ഡിറ്റർജന്റുകൾ രുചിക്കാൻ കിട്ടുന്ന അവസരം നായ്ക്കുഞ്ഞുങ്ങൾ മുതലാക്കാം. അതിനാൽ ടോയ്ലറ്റിന്റെ മൂടാത്ത ക്ലോസറ്റ് അപകടമുണ്ടാക്കും. എവിടെയും മണത്തും, തിരഞ്ഞുമെത്തുന്ന നായ്ക്കുഞ്ഞുങ്ങൾ തുറന്നു കിടക്കുന്ന അലമാരകളിലും മറ്റും കയറിക്കൂടി, അവിടെ വിശ്രമിക്കുകയും, ഉടമ അലമാര പൂട്ടി സ്ഥലം വിടുന്നതും വലിയ സാധ്യതയാണ്.
പട്ടുണ്ണി, ചെള്ള്, പേൻ മുതലായ ബാഹ്യപരാദങ്ങൾക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകൾ ഉള്ളിൽച്ചെല്ലുന്നത് വലിയ അപകടമുണ്ടാകും. എല്ലും, മീനിന്റെ മുള്ളും തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായി മരണം സംഭവിക്കാം. വീടിനുള്ളിലും പുറത്തും വളർത്തുന്ന പല പൂച്ചെടികളിലും വിഷാംശമുണ്ടാമെന്ന് മനസ്സിലാക്കുക. ഇവ നായ്ക്കുഞ്ഞുങ്ങൾക്ക് അപ്രാപ്യമായി സൂക്ഷിക്കുക. പാർക്കു ചെയ്തിരിക്കുന്ന വണ്ടിയുടെ അടിയിൽ വിശ്രമിക്കുന്ന നായ്ക്കുഞ്ഞുങ്ങളേയും പലപ്പോഴും കാത്തിരിക്കുന്നത് വലിയ അപകടമായിരിക്കും.
മനുഷ്യൻ ഉപയോഗിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളും നായ്ക്കൾക്ക് നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, വെള്ളം, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവയാണ് സമീകൃത തീറ്റയിൽ ഉണ്ടാവേണ്ടത്. ഇവയിലോരോന്നും കുറയുന്നതും, കൂടുന്നതും പ്രശ്നമുണ്ടാക്കാം. അതിനാൽ പ്രായം, ശരീരഭാരം, വ്യായാമം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് തീറ്റയുടെ അളവും, തവണയും തീരുമാനിക്കണം. മിശ്രഭുക്കുകളായ നായ്ക്കൾക്ക് മാംസം, മത്സ്യം, പച്ചക്കറി, പഴം, ധാന്യങ്ങൾ എന്നിവ നൽകാം. പ്രോട്ടീൻപോലും നല്ലതാണെങ്കിലും അധികമായാൽ വൃക്കകൾക്ക് തകരാറുണ്ടാക്കുമെന്ന് മനസ്സിലാക്കുക. വിപണിയിൽ നിന്ന് ലഭിക്കുന്ന നായ്ത്തീറ്റകൾ സമീകൃതമാണെങ്കിലും ഇവയും അമിതമായാൽ അനാരോഗ്യം തന്നെ ഫലം.
ചോക്കലേറ്റാണ് നായ്ക്കൾക്ക് നൽകുന്ന ഭക്ഷണത്തിലെ പ്രധാന വില്ലൻ. സ്നേഹക്കൂടുതൽകൊണ്ട് നൽകുന്ന ചോക്ലേറ്റിൽ അടങ്ങിയ തിയോബ്രോമിൻ എന്ന രാസപദാർത്ഥം നായ്ക്കളിൽ വിഷബാധയ്ക്ക് കാരണമാകും. ഛർദി, വയറിളക്കം, അസിഡിറ്റി, അപസ്മാരം, ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങൾ. നായ്ക്കളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വിഷബാധ വൃക്കകളേയും അപകടത്തിലാക്കാം. എത്രയും വേഗം ചികിത്സ നൽകണം.
മദ്യം കലർന്ന പാനീയങ്ങൾ, വിഷബാധ, പക്ഷാഘാതം, മരണം എന്നിവയ്ക്ക് കാരണമാകും. കാപ്പി, ചായ എന്നിവയിലടങ്ങിയിരിക്കുന്ന കഫീൻ ഹൃദയത്തേയും നാഡീവ്യൂഹത്തേയും അമിതമായി ഉത്തേജിപ്പിച്ച് ഛർദ്ദി, അസ്വസ്ഥത തുടങ്ങി മരണത്തിന് വരെ കാരണമാകും. അമിതമായി നൽകുന്ന പാലുത്പന്നങ്ങൾ വയറിളക്കം, പാൻക്രിയാസ് പ്രശ്നങ്ങൾ എന്നിവയുണ്ടാക്കും. പച്ചമുട്ടയുടെ വെള്ള ബയോട്ടിൻ എന്ന വിറ്റമിന്റെ കുറവുണ്ടാക്കി രോമം പൊഴിയൽ, ശരീരം മെലിയൽ എന്നിവയുണ്ടാക്കാം. കരൾ കൂടുതൽ അളവിൽ നൽകുന്നത് വിറ്റമിൻ എ യുടെ കുറവുണ്ടാക്കാം. അതിമധുരമുള്ള ഭക്ഷണങ്ങൾ അമിതവണ്ണം, ദന്തക്ഷയം, പ്രമേഹം എന്നിവയുണ്ടാക്കാം. പച്ചമീൻ അമിതമായി നൽകിയാൽ വിറ്റമിൻ ബി യുടെ കുറവുണ്ടാകാം. ചില കൂണുകളിൽ വിഷാംശം ഉണ്ടാകാമെന്നതിനാൽ ശ്രദ്ധിക്കണം. വീട്ടിലുള്ളവർ ഉപയോഗിക്കുന്ന ഇരുമ്പു കലർന്ന വിറ്റമിൻ മിശ്രിതങ്ങൾ പ്രശ്നങ്ങളുണ്ടാക്കും.
ഉണക്കമുന്തിരിയാണ് നായ്ക്കളെ അപകടത്തിലാക്കുന്ന മറ്റൊരു വില്ലൻ. വായിൽ നിന്നും നുരയും പതയും, ഛർദ്ദി, വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കം, ക്ഷീണം എന്നിവ ഉടൻ കാണിക്കുന്ന ലക്ഷണങ്ങളാണെങ്കിൽ അതികഠിന രോഗബാധയിൽ വൃക്കയും തകരാറിലാകും. സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ പച്ചയായോ, വേവിച്ചോ കഴിച്ചാൽ രക്തത്തിലെ ചുവന്ന കോശങ്ങൾ നശിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. അമിതമായ അളവ് മഞ്ഞപ്പിത്തതിന് കാരണമാകും. ഉള്ളി അധികമുള്ള ഗാർലിക് ചിക്കൻ പോലുള്ള വിഭവങ്ങൾ നായ്ക്കൾക്കും, പൂച്ചകൾക്കും സൂക്ഷിച്ച് നൽകുക. പുല്ല് ഭക്ഷിക്കുന്നത് നായ്ക്കളുടേയും, പൂച്ചകളുടേയും സ്വഭാവമാണ്. എന്നാൽ ഫ്ളാറ്റുകളിലും, വില്ലകളിലും അവർക്ക് പലപ്പോഴും ലഭിക്കുക. ഉടമസ്ഥൻ വച്ചുപിടിപ്പിച്ച മണിപ്ലാന്റോ, അലങ്കാര ചേമ്പോ, അലങ്കാര പനകളോ, ചുവന്ന കായ്കളോ മറ്റോ ആയിരിക്കും. കാത്സ്യം ഓക്സലേറ്റ് അധികമുള്ള ഇവ പ്രശ്നമുണ്ടാക്കുന്നതാണ്.
പൂച്ചകളുടെ വലിയ ശത്രുവാണ് പാരസിറ്റമോൾ ഗുളികകൾ. പൂച്ചയ്ക്ക് പനി വന്നാൽചികിത്സിക്കാൻ പാരസിറ്റമോൾ ഗുളിക നൽകുന്നത് സ്വയം ചികിത്സയിൽ വിരുതരായവർ സാധാരണ ചെയ്യുന്നതാണ്. എന്നാൽ ശരീരഭാരത്തിൽ ഓരോ കിലോഗ്രാമിനും പത്ത് മില്ലിഗ്രാം അളവിൽ പോലും പൂച്ചകളിൽ വിഷബാധയുണ്ടാക്കും. പാരസിറ്റമോൾ നൽകിയാൽ വിശപ്പില്ലായ്മ, ശ്വാസതടസ്സം, രക്തം കലർന്ന മൂത്രം, മുഖത്തെ നീര് എന്നിവ ലക്ഷണങ്ങൾ. രോഗകാരണം മനസ്സിലാക്കി ഉടൻ തന്നെ പ്രതിരോധ മരുന്ന് നൽകിയാൽ ഓമനകളെ രക്ഷപ്പെടുത്താം.
വീട്ടിലെ നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾക്ക് നൽകുന്ന ശ്രദ്ധയും കരുതലും അവകാശപ്പെടുന്നവരാണ് ഓമനകളെന്ന് മനസ്സിലാക്കി അവരെ കരുതുക.
Content highlight: Paracetamol, Animal husbandry